ദിലീപിനെതിരായ സോഷ്യൽ മീഡിയ ക്യാമ്പെയ്‌ൻ: കോടതി വിധിയെ അപമാനിക്കുന്നുവെന്ന് ആരോപണം — കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന പരാതിയുമായി മാധ്യമപ്രവർത്തക
ഏകദേശം എട്ട് വർഷത്തെ ദീർഘകാല വിചാരണയ്ക്ക് ശേഷമാണ് പ്രഗത്ഭയായ വനിതാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള കോടതി വിധി പുറപ്പെടുവിച്ചതെന്നും, വിശദമായ തെളിവുകളുടെ പരിശോധനയ്ക്കൊടുവിലാണ് കേസിലെ ആദ്യ ആറു പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും കുറിപ്പിൽ ഓർമിപ്പിക്കുന്നു. വിധിയിൽ അസന്തോഷമുണ്ടെങ്കിൽ പ്രതികൾക്കും സർക്കാരിനും അപ്പീൽ പോകാനുള്ള നിയമവഴികൾ തുറന്നുകിടക്കുമ്പോൾ, കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ അകാരണമായി പൊതുഇടങ്ങളിൽ വളഞ്ഞിട്ട് ആക്രമിക്കുന്നത് നീതിപീഠത്തോടുള്ള അവമതിപ്പാണെന്ന വിമർശനവും ഉയർത്തുന്നു.
നടിക്കെതിരെയുണ്ടായ ആക്രമണം ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും, യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന നിലപാടിൽ മാറ്റമില്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു. എന്നാൽ കോടതി നിരപരാധിയെന്ന് വിധിച്ച ദിലീപും അദ്ദേഹത്തിന്റെ കുടുംബവും കഴിഞ്ഞ എട്ട് വർഷക്കാലം അനുഭവിച്ച സാമൂഹിക ഒറ്റപ്പെടുത്തലും സാമ്പത്തിക നഷ്ടവും മാനസിക പീഡനവും ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
കോടതി വിധിയെ അവഗണിച്ച് ദിലീപിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചില വ്യക്തികളും സംഘങ്ങളും നടത്തുന്ന ക്യാമ്പെയ്‌നുകൾ ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് വെല്ലുവിളിയാണെന്നും, ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന അഭ്യർത്ഥന ഉന്നയിക്കുന്നതായും കുറിപ്പിൽ പറയുന്നു.
തുറന്ന പരാതിയിൽ പ്രധാനമായും,
കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയെ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുക,
നീതിന്യായ സംവിധാനത്തെ അവഹേളിക്കുന്ന ചർച്ചകൾ സംഘടിപ്പിക്കുന്ന ചാനൽ അവതാരകരും മാധ്യമ സ്ഥാപനങ്ങളും നിയമപരമായി ഉത്തരവാദികളാക്കുക,
ദിലീപിനെതിരെ മാനഹാനി സൃഷ്ടിക്കുന്ന വീഡിയോകളും വാർത്തകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുക
എന്നിവയാണ് ആവശ്യപ്പെടുന്നത്.
സ്ത്രീ–പുരുഷ ഭേദമന്യേ നിയമത്തെ ബഹുമാനിക്കുന്ന ഏവർക്കും ഈ നീക്കത്തിന്റെ ഭാഗമാകാമെന്ന ആഹ്വാനത്തോടെയാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ