ഇന്ത്യ–ഒമാൻ സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യൻ കയറ്റുമതിക്ക് വൻ മുന്നേറ്റം
ഇന്ത്യ–ഒമാൻ സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യൻ കയറ്റുമതിക്ക് വൻ മുന്നേറ്റം
മസ്കറ്റ്:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഇന്ത്യയുടെ വ്യാപാര ചരിത്രത്തിൽ നിർണായക അധ്യായമായി മാറുകയാണ്. ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ വ്യവസായ മേഖലയ്ക്കും കയറ്റുമതിക്കുമുള്ള വലിയ ഉണർവ്വായാണ് വിലയിരുത്തപ്പെടുന്നത്.
കരാറിന്റെ ഭാഗമായി, തുണിത്തരങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, തുകൽ വസ്തുക്കൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 98 ശതമാനത്തിലധികം ഉൽപ്പന്നങ്ങൾക്ക് ഒമാൻ തീരുവ പൂർണമായും ഒഴിവാക്കും. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഗൾഫ് വിപണിയിൽ വിലക്കുറവും മത്സരാധിക്യവും ലഭിക്കും.
അതേസമയം, ഈത്തപ്പഴം, മാർബിൾ, പെട്രോകെമിക്കൽസ് തുടങ്ങിയ പ്രധാന ഒമാനി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുമെന്നും ധാരണയായി. ഇരുരാജ്യങ്ങളുടെയും വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് ഈ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മസ്കറ്റിൽ വെച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കരാർ പ്രാബല്യത്തിൽ വരും.
സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ഒമാനിലെ പ്രധാന സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും. യുഎഇയ്ക്ക് ശേഷം ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ഒമാൻ.
മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കുമുള്ള ഇന്ത്യൻ ചരക്കുകളുടെയും സേവനങ്ങളുടെയും പ്രധാന കവാടമെന്ന നിലയിൽ ഒമാനുമായുള്ള ഈ കരാർ ഇന്ത്യയുടെ കയറ്റുമതിക്കും തൊഴിൽ സൃഷ്ടിക്കും വലിയ അവസരങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തൽ.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ