മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംഘപരിവാർ നിയന്ത്രിക്കുന്ന യൂണിയൻ സർക്കാർ ഈ ബിലിലൂടെ രാജ്യത്തെ കർഷകരെയും കർഷകതൊഴിലാളികളെയും സാധാരണ ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് യൂണിയൻ സർക്കാർ ഒളിച്ചോടി സംസ്ഥാനങ്ങൾക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുകയാണ് ഈ ബിലിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന വിപൽകരമായ വ്യവസ്ഥയും ബിലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിൽ ജെപിസിയുടെയോ സെലക്റ്റ് കമ്മിറ്റിയുടെയോ പരിഗണനയ്ക്കു വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം പോലും അംഗീകരിക്കാതെയാണ് സർക്കാർ മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. എൻഡിഎ ഘടകകക്ഷികൾ തന്നെ ആശങ്ക ഉയർത്തിയിട്ടും ബിലിൽ വീണ്ടുവിചാരത്തിന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയതുമുതൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികളിലൂടെ പദ്ധതിയെ നിർവീര്യമാക്കാൻ ശ്രമിച്ച എൻഡിഎ സർക്കാർ ഇപ്പോൾ പദ്ധതിയെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. തൊഴിൽ നൽകുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് യൂണിയൻ സർക്കാർ പൂർണ്ണമായും ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദം കൊണ്ടുമാത്രമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യാഥാർത്ഥ്യമായതെന്നും, അന്ന് കോൺഗ്രസ്സ് മനസ്സില്ലാമനസ്സോടെയാണ് പദ്ധതി കൊണ്ടുവരാൻ തയ്യാറായതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആ താൽപര്യക്കുറവ് കോൺഗ്രസ് ഉപേക്ഷിക്കണമെന്നും, യൂണിയൻ സർക്കാരിന്റെ തെറ്റായ നീക്കത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ