വിജയ ദിനത്തിൽ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജീവ് ചന്ദ്രശേഖർ
വിജയ ദിനത്തിൽ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജീവ് ചന്ദ്രശേഖർ
ഡൽഹി: വിജയ ദിനമായ ഇന്ന് ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ സായുധ സേനാംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. വർഷത്തിൽ രണ്ടുതവണ യുദ്ധസ്മാരകത്തിലെത്തി ആദരം അർപ്പിക്കുന്നത് തനിക്കൊരു മുടങ്ങാത്ത പതിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
1971-ലെ ഇന്ത്യ–പാക് യുദ്ധത്തിൽ ഇന്ത്യ നേടിയ നിർണ്ണായക വിജയത്തിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണിതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യൻ സേനയുടെ ശക്തമായ മുന്നേറ്റം പാകിസ്ഥാൻ സൈന്യത്തെ ധാക്കയിൽ കീഴടങ്ങാൻ നിർബന്ധിതരാക്കിയതോടെ രാജ്യത്തിന് അഭിമാനകരമായൊരു ചരിത്രനേട്ടമാണ് കൈവരിക്കാനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1971 ഡിസംബറിൽ നടന്ന പാകിസ്ഥാന്റെ തോൽവി സൈനിക പരാജയം മാത്രമല്ല, അഴിമതിയിലും ഭരണപരാജയങ്ങളിലും മുങ്ങിക്കുളിച്ച ഭരണകൂടത്തിന്റെ തകർച്ച കൂടിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്ന് പാകിസ്ഥാൻ സൈന്യത്തിലെ 93,000 സൈനികരാണ് കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു ഇത്.
കരസേന, നാവികസേന, വ്യോമസേന, അതിർത്തി രക്ഷാ സേന എന്നിവയുടെ ധൈര്യവും ലക്ഷ്യബോധവും അസാധാരണമായ ത്യാഗവുമാണ് ഈ ചരിത്രവിജയം സാധ്യമാക്കിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്തവരെ എന്നും ഓർമ്മിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ