"കടക്കെണിക്ക് മേൽ മോഹനവാഗ്ദാനങ്ങളുടെ ബജറ്റ്"; കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ


 📺 ജനത ന്യൂസ് | രാഷ്ട്രീയം

"കടക്കെണിക്ക് മേൽ മോഹനവാഗ്ദാനങ്ങളുടെ ബജറ്റ്"; കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമായ ബജറ്റാണെങ്കിലും അവ നടപ്പിലാക്കാൻ ആവശ്യമായ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കേരളം നിലവിൽ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത നേരിടുന്ന സാഹചര്യത്തിൽ, പുതിയ പ്രഖ്യാപനങ്ങൾ ജനങ്ങളെ ആകർഷിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച അഞ്ച് "ഇന്ദിരാ ഗ്യാരന്റി" വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടവ ബജറ്റിൽ പ്രതിഫലിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന വാഗ്ദാനത്തിനായി ബജറ്റിൽ വെറും 10 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്നും, ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന പ്രഖ്യാപനവും യുവാക്കൾക്കായുള്ള 5 ലക്ഷം രൂപ വായ്പാ പദ്ധതിയും നടപ്പായില്ലെന്നും അദ്ദേഹം ആരോപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെയും സംസ്ഥാന ആസ്തികളുടെയും സ്വകാര്യവൽക്കരണത്തിലേക്കുള്ള നീക്കവും ബജറ്റിന്റെ മറ്റൊരു സവിശേഷതയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിമർശിച്ചു.

സി.പി.എമ്മും കോൺഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ആരോപിച്ച രാജീവ് ചന്ദ്രശേഖർ, കേരളത്തിന് ഇന്ന് ആവശ്യം ബിജെപി-എൻഡിഎ മുന്നോട്ടുവയ്ക്കുന്ന "വികസിത കേരളം" എന്ന കാഴ്ചപ്പാടാണെന്നും വ്യക്തമാക്കി.

ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളുടെയും പുരോഗതി ബിജെപി നിരീക്ഷിക്കുമെന്നും സർക്കാരിനോട് ജനങ്ങൾക്കുവേണ്ടി മറുപടി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ