പാലാ നഗരസഭയ്ക്ക് പുതു നേതൃത്വം; ദിയ ബിനു പുളിക്കക്കണ്ടം ചെയർപേഴ്‌സൺ
പാലാ നഗരസഭയ്ക്ക് പുതു നേതൃത്വം; ദിയ ബിനു പുളിക്കക്കണ്ടം ചെയർപേഴ്‌സൺ
പാലാ:
പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി സ്വതന്ത്ര കൂട്ടായ്മയിലെ ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ യുഡിഎഫിന് നൽകാൻ വ്യാഴാഴ്ച നടന്ന ചർച്ചകളിൽ തീരുമാനമായതോടെയാണ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ നിർണായക വഴിത്തിരിവുണ്ടായത്.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച കോൺഗ്രസ് റിബൽ കൗൺസിലർ മായാ രാഹുലിന്റെ പിന്തുണയും യുഡിഎഫിന് ലഭിച്ചതോടെ ഭൂരിപക്ഷം ഉറപ്പായി. ആകെ 26 അംഗ കൗൺസിലിൽ യുഡിഎഫിന് 14 സീറ്റുകളാണുള്ളത്.
കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബെറ്റി ഷാജുവാണ് ദിയ ബിനുവിനെതിരെ മത്സരിച്ചത്. നടന്ന വോട്ടെടുപ്പിൽ ദിയ ബിനു പുളിക്കക്കണ്ടത്തിന് 14 വോട്ടുകൾ ലഭിച്ചപ്പോൾ ബെറ്റി ഷാജുവിന് 12 വോട്ടുകളാണ് ലഭിച്ചത്.
ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സി. സത്യപാലൻ ചുമതല വഹിച്ചു.
പാലാ നഗരസഭയിലെ 15-ാം വാർഡിൽ നിന്ന് 91 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിയ ബിനു പുളിക്കക്കണ്ടം നേരത്തെ വിജയിച്ചിരുന്നത്.
ഈ വിജയത്തോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്‌സണെന്ന നേട്ടവും ദിയ ബിനു പുളിക്കക്കണ്ടം സ്വന്തമാക്കി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ