കൊല്ലത്തിന്റെ കരുണയുടെ മുഖം; ശക്തികുളങ്ങര ഗണേശനും സംഘവും നിശബ്ദമായി എഴുതുന്നത് മനുഷ്യസ്നേഹത്തിന്റെ ചരിത്രം
കൊല്ലത്തിന്റെ കരുണയുടെ മുഖം; ശക്തികുളങ്ങര ഗണേശനും സംഘവും നിശബ്ദമായി എഴുതുന്നത് മനുഷ്യസ്നേഹത്തിന്റെ ചരിത്രം
കൊല്ലം: വർഷങ്ങളായി യാതൊരു രാഷ്ട്രീയ പിൻബലമോ സംഘടനയുടെ പേരോ ഇല്ലാതെ നിശബ്ദമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് മാതൃകയാവുകയാണ് ശക്തികുളങ്ങര ഗണേശനും നാല് സുഹൃത്തുക്കളും.
റോഡപകടങ്ങൾ ഉണ്ടായാൽ ആദ്യം ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതും, തെരുവോരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഉപേക്ഷിക്കപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും, ആരോരുമില്ലാതെ മരിക്കുന്നവർക്ക് മാന്യമായ സംസ്കാരം ഒരുക്കുന്നതുമെല്ലാം ഇവരുടെ പതിവ് സേവനങ്ങളാണ്.
ജില്ലാ ആശുപത്രിയിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ആവശ്യമായപ്പോൾ ഇവരുടെ സേവനം സജീവമാണ്. അനാഥരായ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുക, മാനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സാകേന്ദ്രങ്ങളിലെത്തിക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച് പുനരധിവാസത്തിന് സഹായിക്കുക തുടങ്ങിയ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു.
ശക്തികുളങ്ങര ഗണേശൻ ഒരു തയ്യൽക്കാരനാണ്. സംഘത്തിലെ ബാബു കാറ്ററിംഗ് യൂണിറ്റ് നടത്തുന്നു. മനോജ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥനാണ്. ടൈറ്റസ് ബോട്ട് ഉടമയും ശ്യാം ഷാജി മാധ്യമപ്രവർത്തകനുമാണ്. സ്വന്തം തൊഴിലിനിടയിലെ ഒഴിവുസമയവും സ്വന്തം പണവും ചെലവഴിച്ചാണ് ഇവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ.
സഹായം ചെയ്തതിന്റെ പേരിൽ ആരിൽ നിന്നും ഒരു രൂപ പോലും സ്വീകരിക്കാറില്ലെന്നും, ചെയ്ത പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിലും ഇവർ താൽപര്യം കാണിക്കാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.
അനാഥരായി മരിക്കുന്നവരെപ്പോലും മാന്യമായി യാത്രയയക്കുന്ന ഈ അഞ്ചംഗ സംഘം, മനുഷ്യസ്നേഹത്തിന്റെ യഥാർത്ഥ മുഖമായി കൊല്ലം ജില്ലയിൽ ഇന്ന് നിരവധി പേർക്ക് പ്രതീക്ഷയും കരുതലുമായി മാറിയിരിക്കുകയാണ്.
ജനത TV ന്യൂസ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ