ഒരു രാഷ്ട്രീയ സംഘടനയുടെ പരിപാടിക്കായി ബസ് സർവീസുകൾ തടസ്സപ്പെടുകയും

 


പാലാ ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം; അനുമതി പിൻവലിക്കണമെന്ന് ബിജെപി മുനിസിപ്പൽ കമ്മിറ്റി


പാലാ: പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം നടത്താൻ അനുമതി നൽകിയ മുനിസിപ്പൽ കൗൺസിലിന്റെ നടപടിക്കെതിരെ ബിജെപി പാലാ മുനിസിപ്പൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പൊതുസ്ഥലമായ ബസ് സ്റ്റാൻഡിൽ രാഷ്ട്രീയ സമ്മേളനം നടത്തുന്നത് പൊതുജനങ്ങളുടെ യാത്രാസൗകര്യത്തെയും ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ബസ് സ്റ്റാൻഡ് രാഷ്ട്രീയ പാർട്ടികളുടെ സമ്മേളന വേദിയല്ലെന്നും, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പൊതുസൗകര്യം ആദ്യം പൊതുജനങ്ങൾക്ക് തന്നെയാണ് ഉപയോഗിക്കാനുള്ള അവകാശമെന്നും നേതാക്കൾ പറഞ്ഞു.


ഒരു രാഷ്ട്രീയ സംഘടനയുടെ പരിപാടിക്കായി ബസ് സർവീസുകൾ തടസ്സപ്പെടുകയും യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം ജനകീയ ഭരണസമിതി സൃഷ്ടിക്കരുതെന്നും, സമ്മേളനങ്ങൾ നടത്താൻ മറ്റ് അനുയോജ്യമായ വേദികൾ ലഭ്യമായിരിക്കെ ബസ് സ്റ്റാൻഡ് തന്നെ തെരഞ്ഞെടുത്തത് അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.


ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് നൽകിയ അനുമതി ഉടൻ പിൻവലിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത മറ്റൊരു വേദിയിലേക്ക് പരിപാടി മാറ്റാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.


"പൊതുസ്ഥലങ്ങൾ പൊതുജനങ്ങൾക്കുള്ളതാണ്; രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യ വേദികളല്ല" എന്നും യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി.


മുനിസിപ്പാലിറ്റിയിൽ ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്നും ജനങ്ങൾക്ക് കൗൺസിലർമാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ കൗൺസിലർമാർ ഒന്നടങ്കം രാജിവെച്ച് ജനവിധി തേടണമെന്നും ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ജി. അനീഷ് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയിലെ ജനകീയ വിഷയങ്ങൾ പഠിക്കുന്നതിനായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ 15 അംഗ സമിതിക്കും യോഗം രൂപം നൽകി.


ബിജെപി പാലാ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, ജനറൽ സെക്രട്ടറി സുനിൽ പഴവീട്, സുനീഷ്, ജിജോ മൂഴയിൽ, അനന്തകൃഷ്ണൻ, ബിമൽ, ബിനു എം.ആർ., അജിത്ത് എന്നിവർ സംസാരിച്ചു 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ